ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താനിരിക്കെ ടിക്കറ്റ് വിൽപ്പന മന്ദഗതിയിൽ. 45,000 സീറ്റുകളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഗാലറിയിലുള്ളത്. വിറ്റുപോയത് പതിനായിരത്തിനടുത്ത് ടിക്കറ്റുകൾ മാത്രം. അപ്പര്‍ ടയറിന് 750 രൂപയും ലോവറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റിന് 350 രൂപയും. മഴഭീഷണിയും പ്രധാന താരങ്ങളുടെ അഭാവവുമാണ് ടിക്കറ്റ് വിൽപ്പനയിലെ ഇടിവിന് കാരണമെന്ന് സംഘാടകര്‍ പറയുന്നു. ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി മത്സരം നടത്തേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. അങ്ങനെയുണ്ടായാൽ ഭാവിയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കിട്ടാൻ തന്നെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കെസിഎയുടെ വിലയിരുത്തല്‍.
തിരുവനന്തപുരത്തിന് അനുവദിക്കപ്പെട്ട ലോകകപ്പ് സന്നാഹ മത്സരങ്ങൾ മഴ കാരണം മുടങ്ങിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും നഗരത്തിൽ മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്. നാലാമത്തെ അന്താരാഷ്ട്ര ടി20 മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തയാറെടുക്കുന്നത്. വെള്ളിയാഴ്ച എത്തിയ ടീമുകള്‍ വിശ്രമത്തിനു ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് നാലു മണിവരെ ഓസ്ട്രേലിയന്‍ ടീമിനും വൈകിട്ട് അഞ്ച് മുതല്‍ രാത്രി എട്ടുവരെ ഇന്ത്യന്‍ ടീമിനും സമയം അനുവദിച്ചിരുന്നു. ഓസ്ട്രേലിയന്‍ ടീം പരിശീലനം നടത്തുന്നതിനിടെ മഴ പെയ്തത് പ്രതിസന്ധിയുണ്ടാക്കി. സ്റ്റേഡിയത്തില്‍ ജീവനക്കാര്‍ മണിക്കൂറുകളോളം പ്രയത്നിച്ചതോടെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനും പരിശീലനം നടത്താനായി.
മലയാളി സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഒരു വിഭാഗം ബഹിഷ്കരണം ആഹ്വാനം ചെയ്തിരുന്നു. ഇതിനു പുറമേ, ലോകകപ്പ് ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ വരുന്ന മത്സരമെന്ന നിലയിലും ക്രിക്കറ്റ് ആരാധകർ താത്പര്യക്കുറവ് കാണിക്കുന്നു.
