കേരളാ പോലീസിന്റെ ഏറ്റവും മികച്ച സ്നിഫർ നായകളിൽ ഒരാളായ കല്യാണി വിട പറഞ്ഞു. കേരളാ പോലീസിന്റെ കെ-നയൺ യൂണിറ്റിലെ അംഗമായ കല്യാണി ഇന്നലെയാണ് മരണപ്പെട്ടത്. വയറിലുണ്ടായ മുഴയുടെ ശസ്ത്രക്രീയക്ക്ശേഷം വിശ്രമത്തിലിരിക്കെയാണ് കല്യാണി മരണത്തിന് കീഴടങ്ങിയത്.കുഞ്ഞായിരുന്നപ്പോൾ കേരളാപോലീസ് ഒപ്പം കൂട്ടിയ കല്യാണി ഒട്ടേറെ നേട്ടങ്ങൾ ആണ് സേനക്ക് സമ്മാനിച്ചത്.
തലസ്ഥാനത്തെത്തുന്ന വിഐപികളുടേയും വിവിഐപികളുടേയും സുരക്ഷ കല്യാണിയുടെ കൈകളിൽ ഭദ്രമായിരുന്നു. ബോബ്ഭീക്ഷണികളിലും ഒടുവിൽ കളമശേരി സ്ഫോടനപശ്ചാത്തലത്തിൽ തലസ്ഥാനത്ത് സുരക്ഷയൊരുക്കാനും കല്യാണി ഉണ്ടായിരുന്നു.തുമ്പയിലും മെഡിക്കൽ കോളേജിലും ബോംബ് കണ്ടെത്തിയതിന് ബെസ്റ്റ് എക്സലൻസ് പുരസ്കാരം, പങ്കെടുത്ത 4 ഡ്യൂട്ടി മീറ്റുകളിൽ 2015ൽ ബെസ്റ്റ് പെർഫോമർ പുരസ്കാരവും കല്യാണി നേടി.
അന്തരിച്ച കല്യാണിക്ക് പൂന്തുറ ഡോഗ് സ്ക്വാഡ് കേന്ദ്രത്തിൽ ഗാർഡ്ഓഫ് ഓണറോടെയാണ് യാത്ര അയപ്പ് നൽകിയത്. സർവ്വീസിൽ നിന്ന് വിരമിക്കാൻ നാളുകൾ മാത്രം ശേഷിക്കെയാണ് പോലീസ് സേനയോടും ജീവിതത്തോടും യാത്രപറഞ്ഞ് കല്യാണി മടങ്ങിയത്.