ഏകദിന ലോകകപ്പിന്റെ ആവേശ ഫൈനലിന് മണിക്കൂറുകൾ മാത്രം. ആതിഥേയരായ ഇന്ത്യയും മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ കലാശപ്പോരാട്ടത്തില്‍ തീ പാറുമെന്നുറപ്പ്. അഹമ്മദാബാദിലാണ് മത്സരം. തോല്‍വി അറിയാത്ത 10 കളികളാണ് ഇന്ത്യയുടെ കരുത്ത്. സെമിയില്‍ ന്യൂസീലന്‍ഡിനെ 70 റണ്‍സിനു ഇന്ത്യ ഓടിച്ചപ്പോൾ ദക്ഷിണാഫ്രിക്കയെ മൂന്നു വിക്കറ്റിന് മുട്ടുകുത്തിച്ചാണ് ഓസ്ട്രേലിയ അഹമ്മദാബാദിനുള്ള ടിക്കറ്റെടുത്തത്. 2003 ൽ ഏകദിന ലോകകപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ ഓസ്ട്രേലിയ തോല്‍പ്പിച്ചിരുന്നു.
പക, അത് തീർക്കാനുള്ളതാണന്ന് ഉറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. അഹമ്മദാബാദ് ഇന്ത്യയുടെ ഭാഗ്യ മൈതാനം കൂടിയാകുമ്പോൾ രോഹിതിന്റെ കയ്യിൽ കപ്പ് ഭദ്രമാണ്. എന്ത് തരം പിച്ചാവും ഫൈനലിനായിഒരുക്കിയിരിക്കുന്നത് എന്നതറിയാൻ ഒരാഗ്രഹം. സ്പിന്‍ പിച്ചാണോ, ബാറ്റിങ് പിച്ചാണോ?. മത്സരത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് പിച്ച് ക്യൂറേറ്റര്‍ പറയുന്നുണ്ട്.
കറുത്ത മണൽ നിരത്തിയ പ്രതലത്തില്‍ ശക്തമായി റോളര്‍ ഉപയോഗിച്ച് സ്ലോ ബാറ്റിങ് ട്രാക്കാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ വലിയ സ്കോര്‍ നേടാനായേക്കും. എന്നാല്‍ ലൈനിലും ലെങ്തിലും തുടര്‍ച്ചയായി വെടിക്കെട്ട് ബാറ്റിങ് നടത്തുക പ്രയാസമായിരിക്കും. 315 റണ്‍സ് ഇവിടെ പ്രതിരോധിക്കാവുന്ന സ്കോറാണ്. രണ്ടാമത് ബാറ്റുചെയ്യുന്നവര്‍ക്ക് പ്രയാസമാവും’ – പിച്ച് ക്യൂറേറ്റര്‍ പറയുന്നു. അഹമ്മദാബാദിലെ പിച്ച് പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണ് താനും.ഐപിഎല്ലിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ത്തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഫ്ളാറ്റ് പിച്ചാണ് അഹമ്മദാബാദിലേത്. എന്നാല്‍ ന്യൂബോളില്‍ നല്ല സ്വിങ് ലഭിക്കുമെന്നുറപ്പ്. ഷമി – സിറാജു മാർക്ക് ഒരുപോലെ വിളയാടാൻ സാധിക്കുമെന്നുറപ്പ്. നല്ല സ്വിങ് പേസര്‍മാര്‍ക്ക് ലഭിക്കും. അതുകൊണ്ടുതന്നെ ഇന്ത്യൻ പ്രതീക്ഷകൾ ഉയരെയാണ്. ഓസീസ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും പാറ്റ് കമ്മിന്‍സും നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ കഴിവുള്ളവരാണ് എന്നതും ഓർക്കണം.മധ്യ ഓവറുകളില്‍ പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാവും. സ്പിന്നിന് വലിയ ടേണ്‍ ലഭിക്കില്ല. എന്നാല്‍ മികച്ച ലൈനും ലെങ്തും കാത്തു പന്തെറിഞ്ഞാല്‍ വിക്കറ്റ് നേടാനാവും. രവീന്ദ്ര ജഡേജ ഇക്കാര്യത്തില്‍ മിടുക്കനാണ്. കുല്‍ദീപ് യാദവിനെക്കാള്‍ പിച്ചില്‍ മികവ് കാട്ടാനാവുക രവീന്ദ്ര ജഡേജയ്ക്കാവും.
ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്, ട്രവിസ് ഹെഡ് എന്നിവരുടെ ഫ്ളാറ്റ് ലൈന്‍ സ്പിന്നുകളെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.പിന്നെ ,ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റുചെയ്യാനാവും ടീമുകള്‍ കൂടുതല്‍ താല്പര്യപ്പെടുക. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോവാകുമെന്ന് ക്യൂറേറ്റര്‍ ആവർത്തിക്കുന്നു. രണ്ടാമത് ബാറ്റു ചെയ്യുമ്പോള്‍ വലിയ ഷോട്ടുകള്‍ കളിക്കുക പ്രയാസമാവും. അഹമ്മദാബാദിലേത് വലിയ മൈതാനമാണ്. അതുകൊണ്ടുതന്നെ വലിയ പവര്‍ ഷോട്ടുകള്‍ കളിക്കുക പ്രയാസമാവും. ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയും ശക്തമാണ്.എന്നാല്‍ സ്പിന്‍ മുട്ടിടി ഓസീസ് നിരക്കുണ്ട്. അഫ്ഗാനിസ്ഥാനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കെതിരേയുമെല്ലാം ഈ ദൗര്‍ബല്യം ഓസീസിനെ വേട്ടയാടിയത് കണ്ടതാണ്. ഇന്ത്യ മികച്ച സ്പിന്‍ കരുത്തുള്ള ടീമാണ്. അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റുചെയ്താല്‍ ഓസീസിന് കാര്യങ്ങള്‍ പ്രയാസമാവും.
ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്സ്മാന്മാര് മികച്ച പ്രകടനമാണ് നടത്തുന്നത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ കൂട്ടുകെട്ട് മികച്ച തുടക്കം നല്‍കേണ്ടത് അത്യാവശ്യമാണ്. പിന്നാലെയെത്തുന്ന വിരാട് കോലിയും ശ്രേയസ് അയ്യറും കെ എല്‍ രാഹുലും ഫോമിലാണ്. ആദ്യത്തെ അഞ്ച് ബാറ്റ്സ്മാന്മാരുടെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പിന് അടിത്തറ. എന്നാല്‍ വാലറ്റത്തിന്റെ ബാറ്റിങ് നിരാശപ്പെടുത്തുന്നതാണ്. ബൗളര്‍മാരും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതേ മികവ് ഫൈനലിലും കാഴ്ചവെച്ച് കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നു തന്നെയാണ് ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷ.
