ലോകകപ്പ് : 2003 – 2023

At Malayalam
2 Min Read

ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ- ഓസ്‌ട്രേലിയ കിരീടപ്പോരാട്ടത്തിനു വേദിയൊരുങ്ങുന്നു. 2003ല്‍ സൗത്താഫ്രിക്ക വേദിയായ ടൂര്‍ണമെന്റിലായിരുന്നു 20 വർഷ മുമ്പ് ഈ സാഹചര്യമുണ്ടായത്. ഇതിഹാസ നായകനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കു കീഴിലായിരുന്നു അന്നു ഇന്ത്യ അണിനിരന്നത്. ഓസ്‌ട്രേലിയയെ നയിച്ചതാവട്ടെ മറ്റൊരു ഇതിഹാസ താരം റിക്കി പോണ്ടിങ്ങും.

ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ വാനോളം പ്രതീക്ഷകളോടെയായിരുന്നു ജൊഹാനസ്ബര്‍ഗില്‍ നടന്ന കലാശക്കളിയില്‍ ഇറങ്ങിയത്. വമ്പന്‍ താരനിരയായിരുന്നു ഇരു ടീമുള്‍ക്കുമുണ്ടായിരുന്നതും. ഇന്ത്യന്‍ നിര സൗരവ് ഗാംഗുലിക്കു പുറമേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് തുടങ്ങിയ പ്രതിഭകളാൽ സമ്പന്നമായിരുന്നു.

മറുഭാഗത്ത് ഓസീസ് ടീമിലാവട്ടെ ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ബെവന്‍, ആന്‍ഡ്രു സൈമണ്ട്‌സ്, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത് എന്നി പ്രഗത്ഭരായവരുമുണ്ടായിരുന്നു. തീപാറുന്ന കലാശ പോരാട്ടമായിരുന്നു ക്രിക്കറ്റ് ലോകം മുഴുവന്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തത്. പക്ഷെ തികച്ചും ഏകപക്ഷീയമായ കലാശക്കളിയില്‍ 125 റണ്‍സിനു പോണ്ടിങിന്റെ കംഗാരുപ്പട ഇന്ത്യയെ ഒതുക്കിക്കളഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് രണ്ടു വിക്കറ്റിനു 359 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കളി കൈവിട്ടുപോയിരുന്നു. റണ്‍ ചേസില്‍ ഇന്ത്യ 39.2 ഓവറില്‍ വെറും 234നു പുറത്താവുകയും ചെയ്തു. അന്നു ചില അബദ്ധങ്ങളാണ് ഇന്ത്യക്കു ലോക കിരീടം നഷ്ടമാക്കിയത് എന്ന് ക്രിക്കറ്റ്‌ ലോകം വിലയിരുത്തിയിരുന്നു. സൗരവ് ഗാംഗുലി എന്ന തലയെടുപ്പും ചങ്കുറപ്പുമുള്ള ക്യാപ്റ്റനുകീഴിൽ ടൂര്‍ണമെന്റിലുടനീളം മികച്ച ക്രിക്കറ്റ് കാഴ്ചവച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ മാറ്റം വരുത്തിയെന്നതായിരുന്നു ആദ്യത്തെ പിഴവ്. തങ്ങളുടെ സ്വാഭാവികമായ പോസിറ്റീവ് ക്രിക്കറ്റ് കാഴ്ചവയ്ക്കാന്‍ ദാദയ്ക്കും സംഘത്തിനുമായില്ല. പലരും അസ്വാഭാവികമായ രീതിയിലായിരുന്നു കളിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ആദ്യ ബോളുകളില്‍ തന്നെ വമ്പനടിക്കു മുതിര്‍ന്നാണ് സച്ചിന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അതുവരെയുള്ള ശൈലിക്കു യോജിച്ചതായിരുന്നില്ല ഈ പുറത്താകല്‍. വളരെ റിസ്‌കുള്ള ഒരു സിംഗിളിനു ശ്രമിച്ച് സെവാഗും വിക്കറ്റ് കളഞ്ഞുകുളിച്ചു. ഇത്തരം പിഴവുകള്‍ അന്നു വലിയ വാർത്തകൾക്കിടനൽകി.ടോസിന്റെ സമ്മര്‍ദ്ദം വരുത്തിയ പിഴവായിരുന്നു മറ്റൊന്ന്. ടോസ് ലഭിച്ചിട്ടും സൗരവ് ഗാംഗുലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫൈനലിലെ സമ്മര്‍ദ്ദമായിരിക്കാം അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്തായാലും ആ തീരുമാനവും വഴി കേട്ടു.

ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ജോഡികളായ ഗില്‍ക്രിസ്റ്റ്- ഹെയ്ഡന്‍ എന്നിവരെ നേരത്തേ പുറത്താക്കാനായില്ല എന്നതാണ് മറ്റൊരു പോരായ്മയായി കണ്ടത്. ഇതോടെ മത്സരം ഇന്ത്യ കൈവിട്ടു. ഓപ്പണിണ് വിക്കറ്റില്‍ ഇരുവരും 105 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. ഇതാണ് കൂറ്റന്‍ ടോട്ടലിനു അടിത്തറയിടാന്‍ അവരെ സഹായിച്ചത്. കഴിയുന്നതും വേഗത്തില്‍ ഡേവിഡ് വാര്‍ണര്‍- ട്രാവിസ് ഹെഡ് ജോടികളെ വേര്‍പിരിക്കാന്‍ ഇന്ത്യക്കു സാധിച്ചാൽ വിജയത്തിന് അത് അടിത്തറയാകും. അതിനു കഴിയാതെ പോയാല്‍ ഓസീസിനെ തടഞ്ഞുനിര്‍ത്തുക ഇന്ത്യക്കു കടുപ്പമാവും. നാളെ ഇന്ത്യ കപ്പുയർത്തുന്നതു കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഇന്ത്യൻ ആരാധകർ.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment