സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന് തുടക്കം കുറിച്ച് കാസര്‍കോടു നിന്നും ആരംഭിച്ച മന്ത്രിമാരുടെ സംഘം സഞ്ചരിച്ച ബസ് ആദ്യം നിര്‍ത്തിയത് എന്‍എച്ച് 66 ആദ്യ റീച്ച് പൂര്‍ത്തീകരിച്ച തലപ്പാടി-ചെര്‍ക്കള റീച്ചില്‍. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മുഴുവന്‍ വകുപ്പുകളും ഏകോപിപ്പിച്ച് നടപ്പാക്കുന്ന ദേശീയപാത 66ന്റെ വികസനം നേരിട്ട് കാണുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും ഇവിടെയിറങ്ങിയത്.
സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന റീച്ചാണ് തലപ്പാടി-ചെര്‍ക്കള. 75 ശതമാനം പണിപൂര്‍ത്തിയായി അടുത്ത അഞ്ച് മാസം കൊണ്ട് ഗതാഗതത്തിനായി തുറന്നു കൊടുക്കാനിരിക്കുകയാണ്.നാലുമിനിറ്റോളം റോഡിന്റെ പൂര്‍ത്തിയായ പ്രവര്‍ത്തികള്‍ മന്ത്രിമാര്‍ നോക്കി കണ്ടു. മാറി വരുന്ന കേരളത്തിന്റെ തുടക്കമാണ് പണിപൂര്‍ത്തിയായ ദേശീയപാതയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ എല്ലാ വകുപ്പുകളുടെയും ഒരുപോലെയുള്ള പ്രവര്‍ത്തനമാണ് ദേശീയപാത വികസനം വേഗത്തിലാക്കിയതെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയപാത വികസനം നേരിട്ട് കണ്ട കാര്യം നവകേരള സദസിലെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചെങ്കള വരെയുള്ള ദേശീയപാതയുടെ ആദ്യ റീച്ച് നല്ല വേഗതയിലാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ഞങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായൊരു ഭാഗത്ത് ഇറങ്ങിയപ്പോള്‍ കണ്ണിന് നല്ല കുളിര്‍മ നല്‍കുന്ന കാഴ്ചയായി. ഇത് ഈ റീച്ചില്‍ മാത്രമുള്ളതല്ല. കേരളത്തിലെ ദേശീപാത വികസനം ഇനി നടക്കില്ലാ എന്ന് കരുതിയവരെല്ലാം ഇപ്പോള്‍ ആ വിശ്വാസത്തിലല്ലെന്നും സമയബന്ധിതമായി പൂര്‍ത്തിയാവും എന്ന ഉറച്ച വിശ്വാസത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.