ദിവസവും രണ്ടു മുട്ട കഴിക്കുന്നത് എച്ച് ഡി എൽ അളവ് 10 ശതമാനം വർദ്ധിപ്പിക്കുന്നതായി ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.പ്രഭാതഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ ഉറവിടമാണ് മുട്ട എന്നു മാത്രമല്ല ഹൃദയാരോഗ്യത്തിനു ഗുണകരമായ അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 6, ബി 12, ഡി എന്നിവ പോലുള്ള പ്രധാന പോഷകങ്ങളുടെ മികച്ച കലവറയുമാണ് മുട്ട. അപ്പോൾ മുട്ട നമുക്ക് ഭക്ഷണത്തിന്റെ പ്രധാന ഭാഗമായി തന്നെ കാണാം.
മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ്. മുട്ട കഴിക്കുന്നത് “നല്ല” കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ ഉല്ലാദിപ്പിക്കാൻ സഹായിക്കുന്നു. എച്ച്ഡിഎൽ കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആറാഴ്ചത്തേക്ക് ദിവസവും രണ്ട് മുട്ട കഴിക്കുന്നത് എച്ച്ഡിഎൽ അളവ് 10 ശതമാനം വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.
മുട്ടയുടെ മഞ്ഞക്കരുവിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാണ് ഇവ. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വൈറ്റമിൻ എയും മുട്ടയിൽ കൂടുതലാണ്.
ഓരോ മുട്ടയിലും ഏകദേശം ആറു ഗ്രാം പ്രോട്ടീനും സഹായകമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും പേശികളുടെ ദൃഢത വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.
പ്രാതലിൽ മുട്ട ദോശ ഈസിയായി തയ്യാറാക്കാവുന്നതാണ്. മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർക്കുക. മാവ് ഉപയോഗിച്ച് വലിയ ദോശ ചുടുക. അതിന് മുകളിൽ മുട്ട മിശ്രിതം നന്നായി പരത്തിയൊഴിച്ച് നെയ്യ് തൂവുക. മുട്ട മിശ്രിതം വെന്തു കഴിയുമ്പോൾ വാങ്ങി ചട്ണിയും കൂട്ടി കഴിക്കുന്നത് രുചികരവും ആരോഗ്യ ദായകവുമാണ്.