ലോകകപ്പ് സെമി, സാധ്യത ഇങ്ങനെ

At Malayalam
2 Min Read

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ആദ്യറൌണ്ട് മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ആരൊക്കെ സെമിയിൽ കടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ ഉറ്റുനോക്കുന്നത്. എല്ലാ ടീമുകൾക്കും രണ്ടോ മൂന്നോ മത്സരങ്ങൾ വീതമാണ് ഇനി അവശേഷിക്കുന്നത്. ഈ ഘട്ടത്തിൽ പത്തിൽ ഒമ്പത് ടീമുകൾക്കും സെമിഫൈനൽ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള ഓരോ മത്സരങ്ങളും ടീമുകൾക്ക് അതീവ നിർണായകമാണ്. നിലവിൽ ഏഴ് കളികളിൽ ആറും തോറ്റ ബംഗ്ലാദേശ് ഉറപ്പായും ലോകകപ്പിൽനിന്ന് പുറത്തായി കഴിഞ്ഞു. ആറ് കളികളിൽ ഒരെണ്ണം മാത്രം ജയിച്ച ഇംഗ്ലണ്ടിന്‍റെ കാര്യവും പരുങ്ങലിലാണ്.

കളിച്ച ആറ് മത്സരവും ജയിച്ച ഇന്ത്യയും ഏഴിൽ ആറെണ്ണം ജയിച്ച ദക്ഷിണാഫ്രിക്കയും ഏറെക്കുറെ സെമി ഉറപ്പാക്കിയിട്ടുണ്ട്. അടുത്ത രണ്ട് സ്ഥാനങ്ങളിലേക്ക് ഏതൊക്കെ ടീമുകൾ എത്തുമെന്നതാണ് ആവേശകരമാക്കുന്നത്. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് ആറ് ടീമുകൾക്ക് സാധ്യതയുണ്ടെന്നതാണ് ലോകകപ്പിനെ ആവേശകരമാക്കുന്നത്. ഏഴ് മത്സരങ്ങളിൽ എട്ട് പോയിന്റുമായി കിവീസ് പോയിന്റ് പട്ടികയിൽ മൂന്നാമതാണ്, ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ അവസാന നാലിൽ സ്ഥാനം ഉറപ്പിക്കാം.

അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയുടെ അവസ്ഥ ന്യൂസിലൻഡിന് സമാനമാണ്. അവർക്ക് ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുണ്ട്. മൂന്ന് വിജയങ്ങൾ തീർച്ചയായും അവരെ സെമിയിലെത്തിക്കും.

ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് പാക്കിസ്ഥാനുള്ളത്. തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും വലിയ മാർജിനിൽ വിജയിച്ചതിന് പുറമെ, ന്യൂസിലൻഡും ഓസ്‌ട്രേലിയയും അവരുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ തോൽക്കുകയും ചെയ്താൽ മാത്രമാണ് പാകിസ്ഥാന് സാധ്യതയുള്ളത്.

- Advertisement -

ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി അഫ്ഗാനിസ്ഥാൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ ഇവയിൽ ഒരു ടീം ശേഷിക്കുന്ന മത്സരങ്ങളിൽ രണ്ടെണ്ണം തോൽക്കുകയും അഫ്ഗാനിസ്ഥാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിക്കുകയും ചെയ്താൽ അവർക്ക് സെമിയിലെത്താം.

ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി, ശ്രീലങ്ക പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. എന്നാൽ അത്ഭുതങ്ങൾ സംഭവിച്ചാൽ അവർക്കും സെമിഫൈനൽ സാധ്യതയുണ്ട്. അടുത്ത മൂന്ന് മത്സരങ്ങൾ ജയിക്കുകയും ഓസ്‌ട്രേലിയയും ന്യൂസിലൻഡും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തോൽക്കുകയും ചെയ്യണമെന്ന് മാത്രം. കൂടാതെ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നെതർലാൻഡ്സ് എന്നീ ടീമുകളും അടുത്ത മത്സരങ്ങൾ തോൽക്കണം.

Share This Article
Leave a comment