കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമലഹാസൻ

At Malayalam
1 Min Read

സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിര്‍വഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു നടന്‍ കമലഹാസന്‍. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ചു താന്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്നു രാജ്യം അറിയണമെന്നതിനാല്‍ ഇംഗ്ലിഷില്‍ പ്രസംഗിക്കുകയാണെന്നു പറഞ്ഞാണ് അദ്ദേഹം ആശംസാ പ്രസംഗം ആരംഭിച്ചത്.

വികസന പദ്ധതികളുടെ നടത്തിപ്പിലും വികേന്ദ്രീകൃതാസൂത്രണത്തിലും രാജ്യത്തെ ഏറ്റവും മികച്ച മാതൃകയാണു കേരളമെന്ന് അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും കേരളത്തില്‍നിന്നു നിരവധി പാഠങ്ങള്‍ താന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. നിര്‍ണായകവും ഗൗരവവുമായ സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണു മലയാള സിനിമകള്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള കേരള സംസ്‌കാരം രൂപപ്പെടുന്നതില്‍ ഇവിടുത്തെ സിനിമകള്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുരോഗമനപരമായ സാമൂഹ്യബോധം പ്രതിഫലിപ്പിക്കുന്നതൂകൂടിയാണിത്.

തന്റെ രാഷ്ട്രീയ പ്രവേശന സമയത്ത് കേരളത്തിലെ രീതികള്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രശസ്തമായ കേരള മോഡല്‍ വികസനത്തില്‍നിന്നു താന്‍ പ്രചോദനമുള്‍ക്കൊണ്ടു. വികേന്ദ്രീകൃതാസൂത്രണം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ നടപ്പാക്കാന്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ബുദ്ധിമുട്ടുമ്പോഴും 1994ല്‍ തുടങ്ങിയ ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം അതു നടപ്പാക്കിക്കാണിച്ചു.

സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും നടപ്പാക്കിയ കേരള മോഡല്‍ വികസനവും രാജ്യത്തിനു മാതൃകയാണ്. പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തിയതാണു കോവിഡ് മഹാമാരിയെ മികച്ച രീതിയില്‍ നേരിടാന്‍ കേരളത്തെ പ്രാപ്തമാക്കിയത്. ഏതു സാധാരണക്കാരനും പ്രാപ്യമായ രാഷ്ട്രീയ, ഭരണ സംവിധാനമുള്ള സംസ്ഥാനമാണു കേരളം. തന്റെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തണമെന്നു ഭരണകൂടത്തോട് ആവശ്യപ്പെടാന്‍ പൗരനെ പ്രേരിപ്പിക്കുന്നത് ഇതാണ്. വളര്‍ച്ചാധിഷ്ഠിത വികസന പദ്ധതികളിലാണു കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാര്‍വത്രിക വിദ്യാഭ്യാസ, ആരോഗ്യ മാതൃകളിലൂടെ ശക്തമായ സാമൂഹ്യ അടിത്തറ സൃഷ്ടിച്ച , സൃഷ്ടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തെ മികച്ച സാമൂഹ്യ വികസിത സംസ്ഥാനമാക്കി മാറ്റുന്നതിന് വിജ്ഞാനാധിഷ്ഠിത സമൂഹ സൃഷ്ടിക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശ്രമങ്ങളെ പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment