തിയറ്ററിൽ വൻ ആവേശമുയർത്തി പ്രദർശനം തുടരുന്ന ലിയോ പ്രൊമോഷന് കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്.കാലിനു പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.പാലക്കാട് അരോമ തിയേറ്ററിൽ വച്ചായിരുന്നു സംഭവം. രാവിലെയാണ് ലിയോ പ്രൊമോഷന്റെ ഭാഗമായി ലോകേഷ് കനകരാജ് കേരളത്തില്‍ എത്തിയത്.
പാലക്കാട് അരോമ തിയറ്ററിൽ എത്തിയ സംവിധായകനെ കാണാൻ നൂറുകണക്കിന് ആരാധകരാണ് തടിച്ചു കൂടിയത്.പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു തിയറ്ററിലേക്ക്.തിരക്കിനിടയിൽപ്പെട്ടാണ് ലോകേഷിന്റെ കാലിനു പരിക്കു പറ്റിയത്.നിയന്ത്രണങ്ങൾ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.ഇന്നു നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും വിസിറ്റുകൾ റദ്ദാക്കി.കൊച്ചിയിൽ നടത്താനിരുന്ന പ്രെസ്സ് മീറ്റ് മറ്റൊരു ദിവസം നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.