കര്‍ണാടകയില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കി ഹിജാബ് നിരോധനം നീക്കാനുള്ള നടപടികളുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍. കർണാടക സർക്കാർ നടത്തുന്ന എല്ലാ റിക്രൂട്ട്മെന്‍റ് മത്സരപ്പരീക്ഷകളിൽ നിന്നും ഹിജാബ് നിരോധനം നീക്കി. ഇതോടെ കർണാടക എക്സാമിനേഷൻസ് അതോറിറ്റി നടത്തുന്ന എല്ലാ റിക്രൂട്ട്മെന്‍റ് പരീക്ഷകൾക്കും ഇനി ഹിജാബ് ധരിച്ച് പങ്കെടുക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കാന്‍ നിയമ നിര്‍മാണം ആവശ്യമാണെങ്കിലും അതിന് മുന്നോടിയായി റിക്രൂട്ട്മെന്‍റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള നിര്‍ണായക തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.കർണാടക സർക്കാരിന്‍റെ ഉന്നതവിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള പരീക്ഷാ സമിതിയാണ് കർണാടക എക്സാമിനേഷൻസ് അതോറിറ്റി (കെഇഎ).
ഹിജാബ് ധരിക്കുന്നത് വിലക്കുന്നത് മത്സരാർഥിയുടെ അടിസ്ഥാന അവകാശത്തെ ഹനിക്കലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി എം സി സുധാകർ പറഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ പരീക്ഷകളിൽ നിന്നും ഹിജാബ് നിരോധനം നീക്കുമെന്നും അദ്ദേഹം പറഞ്ഞു.