പത്തു ലക്ഷം മുടക്കി സ്ഥാപിച്ച പുത്തന്‍ ബസ് സ്റ്റോപ് കള്ളന് കൊണ്ടുപോയി.ദിവസങ്ങൾക്കു മുമ്പ് സ്ഥാപിച്ച ബസ് ഷെൽറ്ററാണ് ഇരുട്ടി വെളുത്തപ്പോള്‍ അപ്രത്യക്ഷമായത്.സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ബസ് സ്റ്റോപ് മോഷ്ടാക്കള്‍ അടിച്ചോണ്ട് പോയതറിഞ്ഞ് അന്തംവിട്ടിരിക്കുകയാണ് ബെംഗളൂരു പൊലീസ്.
കണ്ണിങ്ഹാം റോഡിലെ ബി എം ടി സി ബസ് ഷെൽറ്ററാണ് അജ്ഞാതർ മോഷ്ടിച്ചത്.നഗര വ്യാപകമായി ബസ് ഷെൽട്ടറുകൾ നിർമിക്കാനുള്ള ബി ബി എം പി പദ്ധതിയുടെ ഭാഗമായി കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയാണ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ച ഷെൽറ്റർ കഴിഞ്ഞ മാസം 21ന് ഇവിടെ സ്ഥാപിച്ചത്.
ഒരാഴ്ചയ്ക്കു ശേഷം ഷെൽറ്റർ പരിശോധിക്കാനെത്തിയ കമ്പനി അധികൃതരാണ് ഇതു മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നതായി ഹൈഗ്രൗണ്ട്സ് പൊലീസ് അറിയിച്ചു.