ആര്‍.സി ബുക്കിലെ പേരും ഫോണ്‍ നമ്പറും പരിശോധിക്കണം; ശരിയല്ലെങ്കിൽ പണി കിട്ടും

At Malayalam
2 Min Read

പരിവാഹന്‍ വെബ്‍സൈറ്റ് വഴി വാഹന സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും ഇപ്പോള്‍ വാഹന ഉടമയുടെ പേരും ഇനീഷ്യലും അവരുടെ ആധാറിലെ പേരും ഇനീഷ്യലും പോലെ തന്നെയായിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം വാഹന രേഖകളോടൊപ്പം പരിവാഹന്‍ സൈറ്റിലും നൽകേണ്ടത്. നിലവിലുള്ള വിവരങ്ങള്‍ ആധാറിലേതു പോലെ അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും വിവരങ്ങള്‍ ശരിയായി തന്നെയാണോ പരിവാഹന്‍ വെബ്‍സൈറ്റില്‍ ഉള്ളതെന്ന് പരിശോധിക്കാനും അവസരമുണ്ട്. ഇതിനായി parivahan.gov.in എന്ന വെബ്‍സൈറ്റില്‍ പ്രവേശിക്കണം. ഇതില്‍ ഓണ്‍ലൈന്‍ സര്‍വീസസ് എന്ന മെനുവില്‍ നിന്ന് vehicle related Services തെരഞ്ഞെടുക്കണം. ശേഷം സംസ്ഥാനവും വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആര്‍.ടി ഓഫീസും തെരഞ്ഞെടുക്കാം. ഇവ നല്‍കിക്കഴിഞ്ഞാല്‍ നികുതി അടയ്ക്കുന്നത് ഉള്‍പ്പെടെ വാഹന സംബന്ധമായ നിരവധി സേവനങ്ങളുടെ ഐക്കണുകള്‍ കാണാനാകും. അതില്‍ നിന്ന് അവസാന നിരയിലുള്ള Mobile Number Update എന്ന മെനു തുറന്നാല്‍ അതില്‍ വാഹനത്തിന്റെ വിവരങ്ങളും ആധാര്‍ വിവരങ്ങളും ഫോണ്‍ നമ്പറും നല്‍കി വിവരങ്ങള്‍ സ്വന്തമായിത്തന്നെ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും.

എന്നാല്‍ ഇതു സാധിക്കാതെ വരികയാണെങ്കില്‍ പരിവാഹന്‍ വെബ്‍സൈറ്റില്‍ സംസ്ഥാനവും ആര്‍.ടി.ഒ ഓഫീസും തെരഞ്ഞെടുത്താല്‍ ലഭിക്കുന്ന വിന്‍ഡോയിലെ അവസാന ഐക്കണായ Update Mobile Number (Verification & Approval to be done at RTO) എന്ന മെനു തെരഞ്ഞെടുക്കണം.അവിടെ വാഹനത്തിന്റെ നമ്പറും ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും കൊടുക്കണം. തുടര്‍ന്നു ഫോണിലേക്ക് ഒരു ഒ ടി പി ലഭിക്കും.ഇതും കൂടി നല്‍കിയാല്‍ ഈ സേവനത്തിന്റെ രസീത് ലഭിക്കും.തുടര്‍ന്ന് രേഖകള്‍ അപ്‍ലോഡ് ചെയ്യണം.

ഇതേ വിന്‍ഡോയില്‍ തൊട്ട് താഴെ പ്രത്യക്ഷപ്പെടുന്ന ഓപ്ഷനില്‍ രേഖകള്‍ അപ്‍ലോഡ് ചെയ്യാം.വാഹനത്തിന്റെ രേഖകളിലുള്ള പേര് ആധാറിലെ പേരു പോലെ അപ്ഡേറ്റ് ചെയ്തു തരണമെന്നും ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ പരിവാഹന്‍ രേഖകളില്‍ ഉള്‍പ്പെടുത്തണെന്നും കാണിക്കുന്ന ഒരു അപേക്ഷ തയ്യാറാക്കി അപ്‍ലോഡ് ചെയ്യണം. ആധാറിന്റെ പകര്‍പ്പും ഇതിന് പുറമെ അപ്‍ലോഡ് ചെയ്യണം.തുടര്‍ന്ന് തൊട്ട് താഴെയുള്ള Final Submission കൊടുക്കാം. എന്തെങ്കിലും കാരണവശാല്‍ രേഖകള്‍ അപ്‍ലോഡ് ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ Status എന്ന മെനുവില്‍ നിന്ന് Reprint തെരഞ്ഞെടുത്ത് വീണ്ടും അപ്‍ലോഡ് ചെയ്യാനും Final Submission ചെയ്യാനും സാധിക്കും. തുടര്‍ന്ന് അപ്‍ലോഡ് ചെയ്ത് രേഖകളുടെ പകര്‍പ്പും ആര്‍.സി ബുക്കിന്റെ പകര്‍പ്പും അതത് ആര്‍.ടി.ഒ ഓഫീസുകളില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ഇ-മെയിലായി അയച്ചുകൊടുക്കുകയോ വേണമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.ഇപ്രകാരം ചെയ്താല്‍ വാഹനത്തിന്റെ രേഖകളില്‍ ആധാര്‍ അടിസ്ഥാനപ്പെടുത്തി ആര്‍.ടി ഓഫീസുകളില്‍ നിന്ന് ആവശ്യമായ മാറ്റം വരുത്തും.

Share This Article
Leave a comment