വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് നിര്‍മിതബുദ്ധി സാങ്കേതികവിദ്യ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി)ഉപയോഗിച്ച് നഗ്‌നദൃശ്യങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പതിന്നാലുകാരന്‍ കല്പറ്റയിൽ പിടിയില്‍.ഒരുമാസംനീണ്ട അന്വേഷണത്തിനൊടുവിലാണ് വയനാട് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിയെ പിടികൂടിയത്.
സാമൂഹികമാധ്യമങ്ങളില്‍നിന്നും സ്‌കൂള്‍ ഗ്രൂപ്പുകളില്‍നിന്നുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്തത്.ഒട്ടേറെ വിദ്യാര്‍ഥിനികളാണ് ഇതിന് ഇരയായത്. സാമൂഹികമാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനുപുറമെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചു.അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ പെടാതിരിക്കാന്‍ വി.പി.എന്‍ സാങ്കേതികവിദ്യയും ചാറ്റ്‌ബോട്ടുകളും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ആയിരക്കണക്കിന് ഐ.പി.അഡ്രസുകള്‍ വിശകലനംചെയ്തും ഗൂഗിള്‍,ഇന്‍സ്റ്റഗ്രാം,ടെലിഗ്രാം കമ്പനികളില്‍നിന്ന് ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ചുമാണ് സൈബര്‍ പോലീസ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്